ദുരൂഹത നീങ്ങി, കൊലപാതകമല്ല ; മൂന്നുമാസം മുൻപ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കാറിടിച്ചെന്ന് ചേർത്തല പൊലീസ് ; കാറോടിച്ചയാൾ പിടിയിൽ



ചേർത്തല : ആലപ്പുഴ പള്ളിപ്പുറത്ത് മൂന്നുമാസം മുൻപ്  റോഡരികില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കാറിടിച്ചാണെന്ന് ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ഓഗസ്റ്റ് 27-ന് രാവിലെ ചേർത്തല അരൂക്കുറ്റി റോഡില്‍ പള്ളിപ്പുറം മലബാർ സിമന്റ്‌സിന് തെക്കുവശം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ ചേർത്തല ചക്കരക്കുളം വള്ളപ്പുരയ്ക്കല്‍ വീട്ടില്‍ പ്രണവിനാണ് (32) ഒടുവില്‍ മരണമുണ്ടായത്.

ആരും ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടർന്ന് ചേർത്തല പൊലീസ് പ്രണവിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. നീണ്ട നാള്‍ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ പ്രണവിന് ബോധം തെളിഞ്ഞുവെങ്കിലും വ്യക്തമായ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്ത് രണ്ട് മാസത്തിന് ശേഷം ഒക്ടോബർ 27-ന് പ്രണവ് മരണപ്പെട്ടു.

അസ്വാഭാവിക മരണത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന പ്രണവ് ഓഗസ്റ്റ് 26-ന് രാത്രി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. സമീപകാലത്തെ വഴക്കുകളും ക്രിമിനല്‍ പശ്ചാത്തലവും കാരണം സംഭവത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

സംഭവസ്ഥലം കേന്ദ്രീകരിച്ച്‌ നടത്തിയ വിശദമായ അന്വേഷണത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടകാരണം വ്യക്തമായത്. റോഡിലൂടെ തെക്കുവശത്തേക്ക് നടന്നുപോയ പ്രണവിനെ വടക്ക് നിന്നും അമിത വേഗതയിലെത്തിയ ഒരു കാർ പിന്നില്‍ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസില്‍ തലയിടിച്ച്‌ വീണാണ് പ്രണവിന് ഗുരുതരമായി പരിക്കേറ്റതെന്ന് വ്യക്തമായി.

പള്ളിപ്പുറം വഴി ചേർത്തലയിലൂടെ ആലപ്പുഴ ഭാഗത്തേക്ക് ഓടിച്ചുപോയ ഫോർഡ് എക്കോ സ്പോട്ട് വണ്ടിയാണ് പ്രണവിനെ ഇടിച്ചതെന്നും, കലവൂർ സ്വദേശിയായ യുവാവാണ് വാഹനമോടിച്ചതെന്നും പൊലീസ് കണ്ടെത്തി. അപകടവിവരം മറച്ചുവെച്ച്‌ ഷോറൂമില്‍ സർവീസിനായി നല്‍കിയ വാഹനം പൊലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചേർത്തല ഡി വൈ എസ് പി അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ചേർത്തല സിഐ ലൈസാദ് മുഹമ്മദ്, എസ്‌ഐ ജയേഷ് ചന്ദ്രൻ, എസ് സി പി ഒ മാരായ സതീഷ്, സുധീഷ്, അരുണ്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

Post a Comment

Previous Post Next Post